01:17pm 31 August 2026
NEWS
തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായി; ടി.കെ. ഗോവിന്ദൻ വർ​ഗവഞ്ചകനെന്ന് കെ.കെ. രാഗേഷ്
30/08/2026  07:30 PM IST
nila
തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായി; ടി.കെ. ഗോവിന്ദൻ വർ​ഗവഞ്ചകനെന്ന് കെ.കെ. രാഗേഷ്

കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിന് പോരായ്മ സംഭവിച്ചെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുന്ന സ്ഥാനാർഥിയെ രംഗത്തിറക്കേണ്ട സാഹചര്യത്തിൽ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച പറ്റിയതായി അദ്ദേഹം തുറന്നുപറഞ്ഞു. തളിപ്പറമ്പിലെ തോൽവിയും വോട്ട് ചോർച്ചയും സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു രാഗേഷ്. അതേസമയം, സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള എതിർപ്പിനെ തുടർന്ന് പാർട്ടി വിട്ട് മത്സരിച്ച ടി.കെ. ഗോവിന്ദനെതിരെ രാഗേഷ് കടുത്ത വിമർശനമുയർത്തി. പാർട്ടിയെ വഞ്ചിച്ച ഗോവിന്ദൻ ‘വർഗവഞ്ചകനാ’ണെന്നും തളിപ്പറമ്പിന്റെ ‘ബ്രൂട്ടസ്’ ആണെന്നും അദ്ദേഹം ആരോപിച്ചു.

എസ്.ഐ.ആർ കണക്കുകൾ പ്രകാരം തളിപ്പറമ്പിലാണ് ഏറ്റവും കൂടുതൽ വോട്ട് വർധിച്ചതെന്ന് രാഗേഷ് പറഞ്ഞു. പ്രധാനമായും മുസ്‌ലിം ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളിലാണ് വോട്ട് വർധനയുണ്ടായത്. ഈ സാഹചര്യത്തിൽ ശക്തമായ സ്ഥാനാർഥിയെ നിർത്തി പ്രതിരോധിക്കേണ്ടതായിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ പോരായ്മ അംഗീകരിക്കാൻ തനിക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്നെ എന്തുകൊണ്ട് സ്ഥാനാർഥിയായി നിർദേശിച്ചില്ല’ എന്ന് പാർട്ടി യോഗത്തിൽ ചോദിച്ച ഗോവിന്ദൻ പിന്നീട് പാർട്ടിക്കെതിരെ നിലപാടെടുത്തത് അധികാരമോഹത്തിന്റെ ഭാഗമാണെന്നും രാഗേഷ് ആരോപിച്ചു. വലിയ വിപ്ലവകാരിയായി സ്വയം അവതരിപ്പിച്ചിരുന്നയാൾ പിന്നീട് അധികാരമോഹിയും വർഗവഞ്ചകനുമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പുറത്തുനിന്നുള്ള എതിരാളികളുടെ ആക്രമണം നേരിടാൻ കഴിയുമെങ്കിലും പാർട്ടിക്കുള്ളിൽ നിന്നുള്ള ഇത്തരം വഞ്ചനകൾ അംഗീകരിക്കാനാകില്ലെന്നും രാഗേഷ് വ്യക്തമാക്കി. പാർട്ടി വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണം നേരിടുന്ന സമയത്ത് പിന്നിൽനിന്ന് കുത്തിയ ഗോവിന്ദന്റെ നടപടി തളിപ്പറമ്പും സിപിഎമ്മും ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img